പഠന മുറികൾ, പുസ്തകങ്ങൾ, ഗൃഹപാഠം, പരീക്ഷകൾ..... ഇതു മാത്രമാണോ വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? അതോ ഇങ്ങനെ മാത്രമേ അറിവ് സ്വായത്വമാക്കുവാൻ കഴിയുകയുള്ളോ?
പഠന മുറികളിൽ നിന്നും പുറത്തേക്കിറങ്ങി പുൽനിറഞ്ഞ വഴികളിലൂടെ കൂട്ടുകാർക്കൊപ്പം ചെടികളെയും, പൂക്കളെയും, പൂമ്പാറ്റകളെയും കണ്ട് തണൽ മരച്ചോടുകളിൽ കൂട്ടം കൂടി പഠിച്ചും വിശ്രമിച്ചും നേടുന്ന അറിവുകൾ ഓർമകളിൽ പോലും മരിക്കാറില്ല. പഠനം അങ്ങനെ കൂടി ആയാൽ എന്തു രസമായിരിക്കും അല്ലേ.
പേടിപ്പെടുത്തുന്ന ഗൃഹപാഠങ്ങളോ പരീക്ഷകൾ നൽകുന്ന ഉറക്കമില്ലാത്ത രാത്രികളോ ഇല്ലാതെ തെളിഞ്ഞ മനസ്സോടെ ഉന്മേഷത്തോടെ പ്രകൃതിയിൽ നിന്നും പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് അറിവ് സമ്പാദിക്കാൻ പഠിപ്പിക്കുന്ന പരിസ്ഥിതി പഠനരീതിയാണ് 'ജലപാഠം'. ഇതിലൂടെ നേടുന്നതാവട്ടെ വൈവിധ്യങ്ങളായ അറിവുകൾ നിരീക്ഷണ പാഠവം, സഹവർത്തിത്വം, പരസ്പര ബഹുമാനം, തീരുമാനം എടുക്കാനുള്ള കഴിവും കാര്യങ്ങളെ വ്യത്യസ്ത രീതിയിൽ വിശകലനം ചെയ്യാനുള്ള സാമർഥ്യം, മനോബലം, നേതൃത്വഗുണം തുടങ്ങീ ഈ സമൂഹത്തിൽ ജീവിക്കാൻ ഒരു വ്യകതിയെ പൂർണമായും പ്രാപ്തരാക്കുന്നവയാണ്. ഒരു ഉദാഹരണം പറഞ്ഞാൽ പാഠപുസ്തകത്തിൽ വിവരിക്കുന്ന 'മണ്ണ് ' എന്ന വാക്ക് നൽകുന്ന വികാരവും ചെരുപ്പ് അഴിച്ചു വെച്ച് നഗ്ന പാദങ്ങളോടെ പറമ്പിലൂടെയോ, പാടത്തു കൂടിയോ നടക്കുമ്പോൾ കിട്ടുന്ന വികാരവും ഒന്നായിരിക്കുമോ?ഉറപ്പായും അല്ല.
കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും കാര്യങ്ങളെ അറിയാൻ ശ്രമിക്കുമ്പോൾ നമ്മളും പ്രകൃതിയോട് കൂടുതൽ അടുക്കുകയും ഒരു സുദീർഘമായ ആത്മ ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. ഈ ആശയം വിദ്യാലയങ്ങളിലേക്ക് എത്തിക്കാനായി ATREE CERC നടത്തി വരുന്നു വിദ്യാഭ്യാസ പരിപാടിയാണ് ജലപാഠം. മണ്ണ്, ജലം, അന്തരീക്ഷം, ഭൂപ്രകൃതി, ജൈവ വൈവിദ്ധ്യം, സാമൂഹിക ചുറ്റുപാടുകൾ, അവ നേരിടുന്ന എന്നീ തലകെട്ടോടുകൂടി തുടങ്ങുന്ന അധ്യായങ്ങളിൽ എല്ലാം തന്നെ കുട്ടികൾക്ക് വിരസത കൂടാതെ കൗതുകത്തോടെ നമ്മുടെ ചുറ്റുപാടിനെ അറിയാനായുള്ള പലതരം കളികളും പ്രവർത്തനങ്ങളുമാണ്.
കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകളെ അറിയാനായി ചെയ്യുന്ന ആവാസ വ്യവസ്ഥ മാപ്പിംഗ്, മണ്ണ് കൊണ്ട് ചെയ്തെടുക്കുന്ന കേരള ഭൂപ്രകൃതി മാതൃകാനിർമാണം, നാടകങ്ങൾ, നീന്തൽ പരിശീലനം, വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയും അന്തരീക്ഷവും മനസിലാക്കാനായി നടത്തുന്ന പഠനയാത്രകൾ, കുട്ടികളുടെ കൂട്ടായ്മയിൽ പരമ്പരാഗത രീതിയിൽ പുഴുക്ക് ഉണ്ടാക്കുക വിളമ്പുക ഒത്തൊരുമയോടെ അതു കഴിക്കുക, തണ്ണീർത്തട വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ട് എല്ലാ വർഷവും നടത്തപ്പെടുന്ന സ്റ്റുഡന്റസ് വെറ്റ്ലാൻഡ് കോൺഗ്രസ്, ജൈവ വൈവിധ്യങ്ങളെ അറിയാനായി വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന 'ബയോബ്ലിറ്റ്സ്',യാത്രകളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലോക്കൽ ബയോഡിവേഴ്സിറ്റി രജിസ്റ്റർ പുസ്തകം തന്നെ തയ്യാറാക്കുന്നുണ്ട്.
ജലപാഠം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു കൂട്ടം പ്രകൃതി സ്നേഹികളായ അദ്ധ്യാപകരും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും തമ്മിലുള്ള സൗഹാർദ്ധപരമായ പഠനരീതികളും കളിയിലൂടെയും കാര്യങ്ങളിലൂടെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നേടികൊടുക്കുന്ന അറിവുമെല്ലാം തന്നെയാണ് ജലപാഠം പരിപാടിയെ വിദ്യാലയങ്ങളിൽ സ്വീകാര്യമാക്കുന്നത്.
The author, Maneeja Murali is Senior Program Officer at ATREE CERC.
Comments